Latest Updates

കൊച്ചി: വ്യവസായിയും സിനിമ നിര്‍മാതാവുമായ ഗോകുലം ഗോപാലന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) നോട്ടീസ്. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇഡിയുടെ നിര്‍ദേശം. നേരിട്ട് ഹാജരാകുകയോ അതിനുപകരമായി പ്രതിനിധിയെ അയയ്ക്കുകയോ ചെയ്യണമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് മുമ്പ് നടന്ന ചോദ്യം ചെയ്യലില്‍ ഗോകുലം ഗോപാലനെ ആറുമണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഹാജരാക്കിയ രേഖകളിലും അദ്ദേഹത്തിന്റെ മൊഴികളിലുമുള്ള പരിശോധനയാണ് നടക്കുന്നത്. 595കോടി രൂപയുടെ ഫെമ ചട്ടലംഘനം പ്രാഥമികമായി ഇഡി കണ്ടെത്തി. എന്നാല്‍ കൂടുതല്‍ തുകയില്‍ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. വിദേശത്ത് നിന്ന് ചട്ടം ലംഘിച്ച് എത്തിയ പണം എന്ത് ആവശ്യത്തിന് ഗോകുലം ഗ്രൂപ്പ് ഇവിടെ ചിലവഴിച്ചു എന്നതിലടക്കമാണ് ഇഡി പരിശോധന. കോഴിക്കോട്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലുള്ള ഗോകുലം ഗ്രൂപ്പിന്റെ വിവിധ  ഓഫീസിലും അധികൃതര്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഫെമ നിയമം ലംഘിച്ച് പ്രവാസികളില്‍ നിന്നടക്കം പണം സ്വീകരിച്ചതായും ഇഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.'എംപുരാന്‍' സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നടന്ന റെയ്ഡിന് രാജ്യവ്യാപകമായ ശ്രദ്ധയും ലഭിച്ചിരുന്നു.

Get Newsletter

Advertisement

PREVIOUS Choice